Thursday, July 9, 2009

ഈശാവിഭൂഷണം

വാനത്തിൽ ഏറി വരുന്നിതെൻ നായകൻ
വാന ഗോളങ്ങളെ ശീമാവിൽ ചേർപ്പാൻ
വാന ലോകങ്ങളെ താണ്ടി ഞാൻ ഏറും
നേരമാ പ്രേമി തൻ മാറിൽ ഞാൻ ചേരും

കാൽവറി മേടതിൽ കണ്ടൊരു സ്നേഹം
കാരുണ്യവാരി തൻ പ്രേമപ്രവാഹം
കാരിരുംബാണിയിൽ തൂങ്ങുന്ന നേരം
കനിവിൽ താൻ കണ്ടതോ പ്രണിയെൻ ദേഹം

യാഹെന്ന വാക്കിലാനുർവ്വിയിൻ ഉള്ളം
കാലം രചിച്ചതോ യാഹ്‌ തൻ വാക്കാൽ
ശൂന്യത്തിൽ നിന്നുമീ കാന്മതാം ലോകം
കാലത്തിൽ നിർത്തി നീ ദ്യോവിൽ അകാലം

സൃഷ്ടിച്ചു സർവ്വവും നിൻ വചനത്താൽ
ഗോളവും സൂര്യനും താരും തരുവും
കണ്ടു നീ സർവ്വവും നന്നെന്നു ചൊന്നു
എങ്കിലും നെഞ്ചകം എന്തിനോ തേങ്ങി

പൂഴിയിൽ കണ്ടു നീ എന്നുടെ ദേഹം
ആവി താൻ നിർമ്മിച്ചു ആദമിൻ ദേഹം
ജീവൻ പകർന്നു നീ നിൻ ശ്വസനത്താൽ
ഏറ്റവും നന്നെന്നു ചൊന്നു നീ മോദാൽ

ഏദനിൽ അന്നു ഞാൻ കായ്‌ തിന്ന നേരം
കേട്ടു തുടങ്ങിയെൻ മൃത്യുവിൻ താളം
നിന്നുടെ കാലൊച്ച കെട്ടൊരു നേരം
ഓടിയൊളിച്ചു ഞാൻ നഗ്നനനാനേവം

അന്നേ മുറിഞ്ഞതാണീ താത ബന്ധം
നാഥാ മടങ്ങുവാൻ എന്തു ഞാൻ വേണ്ടൂ
കണ്ണൊന്നു ചിമ്മിയാൽ കാണ്മതെൻ മൃത്യു
ഏറ്റം തകർന്നിതാ നിൽക്കുന്നു സാധു

പൂഴിയിൽ എന്നെ നീ കണ്ടതിൽ മുന്നേ
ഭൂമണ്ഡലങ്ങളെ നിർമ്മിയ്ക്കും മുന്നേ
കണ്ടതാണെന്നെ നിൻ സൂനുവിൽ അന്നേ
പ്രേമസ്വരൂപ നിൻ ചെമ്മയാം അൻപേ

കാലത്തിൽ നാഥനാം കാരുണ്യരൂപൻ
കാലത്തെ ചായ്ച്ചു താൻ ഭൂവിൽ ഇറങ്ങി
യൂദയിൻ നാടതിൽ രാചിച്ച കാലം
ദിക്കുകൾ നാലിലും നരനായ്‌ വിളങ്ങി

കാലസമ്പൂർണ്ണത വന്നൊരു നേരം
താൻ ചൊന്നു സ്നേഹിതാ ഞാനാണു ജീവൻ
വിശ്വസിക്കെന്നെ നീ എങ്കിൽ പിതാവിൻ
ബന്ധത്തിൽ ആക്കിടും നിന്നെ ഞാൻ വീണ്ടും

വർഷമായ്‌ പെയ്തതെൻ നീറുന്ന നെഞ്ചിൽ
എത്ര നാൾ ദാഹിച്ചു ഈ ജീവ തോയം
ഉള്ളം തണുത്തു ഞാൻ നിന്നാർദ്ദ്രമായി
മൃത്യുവിൻ കാലൊച്ച ദൂരവേ പോയി

ക്രൂശിക്ക ക്രൂശിക്ക എന്നാർത്തനാദം
കണ്ടു ഞാൻ ആടു പോൽ നിന്നു നീ മൗനം
ഊർവ്വിയിൻ നാഥനെ തുപ്പുന്ന നേരം
തള്ളിപ്പറഞ്ഞു ഞാൻ ഒന്നല്ലുരു മൂ

വെട്ടിത്തിരിഞ്ഞു നീ നോക്കിയെൻ കണ്ണിൽ
നാഥാ നിൻ കണ്ണിൽ ഞാൻ കണ്ടെന്റെ ജന്മം
പാപം ഗ്രസിച്ചവൻ പാപം സ്വയംഭൂ
പാപം നിനപ്പവൻ പാപാത്മ രൂപൻ

ഉള്ളം തകർന്നു ഞാൻ പൊട്ടിക്കരഞ്ഞു
ഭീരു ഞാൻ ഭീതനാം ഓടിയൊളിച്ചു
ഭാരിച്ച ക്രൂശുമായ്‌ കേണു നീ നീങ്ങേ
ദൂരവേ നിന്നു ഞാൻ നോക്കി കരഞ്ഞു

കാരിരുംബാണിയിൽ തൂങ്ങിക്കിടന്നു
ഒന്നൊന്നായ്‌ തീർത്തു നീ എൻ കടം പൂർണ്ണം
ഇത്രമേൽ സ്നേഹിപ്പാൻ ഊർവ്വിയിൻ നഥാ
എന്തു നീ കണ്ടുവോ സാധുവാമെന്നിൽ

മൃത്യുവെ വേന്നു നീ ഉയിർത്തു മൂന്നാം നാൾ
ക്രൂശിൽ നീ തുന്നിയെൻ നീതിയിൻ വസ്ത്രം
നഗ്നനല്ലിന്നു ഞാൻ നീതിയെൻ അങ്കി
ഭീതനല്ലിന്നു ഞാൻ ക്രിസ്തനെൻ പങ്കു

പോകുന്നു ഞാനെന്റെ താതനിൻ പക്ഷം
വീണ്ടും വരുന്നു ഞാൻ നിങ്ങളെ ചേർപ്പാൻ
എന്നുര ചെയ്തിട്ടു പൊയതിൻ ശേഷം
നാഥാ! മടങ്ങുവാൻ എന്തേ അമാന്തം

അന്നു നിൻ കാലൊച്ച ഏദനിൽ കേട്ടു
ഓടിയൊളിച്ചു ഞാൻ മൃത്യുവേൺ ഭീതി
ഇന്നു ഞാൻ ആത്മാവിൽ തേങ്ങുന്നു നാഥാ
ജീവന്റെ കാലൊച്ച വാനത്തിൽ കേൾപ്പാൻ

വാനത്തിൽ ഏറി വരുന്നിതെൻ നായകൻ
വാന ഗോളങ്ങളെ ശീമാവിൽ ചേർപ്പാൻ
വാന ലോകങ്ങളെ താണ്ടി ഞാൻ ഏറും
നേരമാ പ്രേമി തൻ മാറിൽ ഞാൻ ചേരും

No comments:

Post a Comment